Poorna 50th Year

മലയാള വായനക്കാരുടെയും സാഹിത്യാസ്വാദകരുടെയും മനസ്സിലേക്ക് പൂര്‍ണ പബ്ലിക്കേഷന്‍സ് പിറന്നുവീണിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയാകുന്നു. എളിയ നിലയില്‍ തുടങ്ങിയ പൂര്‍ണ കേരളത്തിലെ എണ്ണം പറഞ്ഞ പുസ്തകപ്രസാധകരുടെ കൂട്ടിലേക്ക് വളര്‍ന്നത് ക്രമാനുഗതമായിരുന്നു. ഇക്കാലമത്രയും പൂര്‍ണയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച്, മനസ്സില്‍ പുസ്തകമെന്ന ചിന്ത മാത്രം കൊണ്ടുനടന്ന സ്ഥാപകന്‍ എന്‍.ഇ. ബാലകൃഷ്ണമാരാരുടെ ദീര്‍ഘവീക്ഷണം തന്നെയായിരുന്നു എന്നും പൂര്‍ണയുടെ മുതല്‍ക്കൂട്ട്.

അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഗോള്‍ഡന്‍ ജൂബിലി നിമിഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങുകയാണ് പൂര്‍ണ. ചടങ്ങിന്റെ ഉദ്ഘാടനം 2016 ഏപ്രില്‍ 2-ന് കോഴിക്കോട് മലബാര്‍ പാലസ്സില്‍ നടക്കുന്ന ചടങ്ങില്‍ ഭാരതീയ ജ്ഞാനപീഠത്തിന്റെ ഡയറക്ടര്‍ ശ്രീ. ലീലാധര്‍ മണ്ട്‌ലോയ് നിര്‍വഹിക്കും. പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ സ്വാഗതം പറയുന്നത് പൂര്‍ണ പബ്ലിക്കേഷന്‍സ് സി.ഇ.ഒ. എന്‍. മനോഹറാണ്.

A life with Booksചടങ്ങില്‍ സുപ്രധാനമായ രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നതാണ്. സ്വന്തം ജീവിതവും പൂര്‍ണയുടെ നാഴികക്കല്ലുകളും ഇഴചേര്‍ന്ന് കിടക്കുന്ന എന്‍.ഇ. ബാലകൃഷ്ണമാരാരുടെ ജീവചരിത്രമായ A Life With Books ആണ് ആദ്യ പുസ്തകം. ലീലാധര്‍ മണ്ട്‌ലോയ് സേതുവിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്യുക.

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സെബാസ്റ്റ്യന്‍ ജോസഫിന്റെ വസന്തത്തിന്റെ ഇടിമുഴക്കമാണ് രണ്ടാമത്തെ പുസ്തകം. ഡോ. ആര്‍സുവിന് ആദ്യകോപ്പി നല്‍കിക്കൊണ്ട് സേതുവാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

ടി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. എന്‍.ഇ. സുധീര്‍, കെ.എം. നസീര്‍ എന്നിവര്‍ ആശംസകള്‍ നേരും.